
തിരുവനന്തപുരം: കുട്ടിക്കാലത്ത് അമ്മയോടൊപ്പം ചേർന്ന് നടത്തിയ പശുവളർത്തലിന്റെയും കോളേജ് കാലത്തെ തന്റെ പോക്കറ്റ് മണിയുടെയും ഓർമ്മകൾ പങ്കുവെച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. ലോകക്ഷീര ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
"കുട്ടിക്കാലത്ത് വീട്ടിൽ പശുക്കളുണ്ടായിരുന്നു. അമ്മയ്ക്കായിരുന്നു അതിന്റെ മേൽനോട്ടം. അമ്മയെ സഹായിക്കാൻ തൊഴുത്ത് കഴുകലും പുല്ലും വയ്ക്കോലും എത്തിക്കലും എന്റെ പതിവായിരുന്നു. പാൽ വിറ്റു കിട്ടുന്ന വരുമാനം അമ്മയുടെ സ്വകാര്യ സമ്പാദ്യമായിരുന്നു. കോളേജ് പഠനകാലത്ത് ഉൾപ്പെടെ എനിക്ക് ചെലവിനുള്ള പണം അമ്മ നൽകിയിരുന്നത് ഇതിൽ നിന്നായിരുന്നു," മുഖ്യമന്ത്രി ഓർമ്മിച്ചു.
കർഷകർക്ക് കൃത്യമായ വരുമാനം ഉറപ്പാക്കും
ക്ഷീരകർഷകരായ സ്ത്രീകളുടെ ത്യാഗത്തെയും കഷ്ടപ്പാടുകളെയും മുഖ്യമന്ത്രി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. നെയിൽ പോളിഷ് ഇട്ടുനടക്കുന്നവരെ പോലെയല്ല ക്ഷീരകർഷകരായ സ്ത്രീകളുടെ വിരലുകളെന്നും, കുഴിനഖം ബാധിച്ച അവരുടെ വിരലുകൾ കഷ്ടപ്പാടിന്റെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ അവർക്ക് കൃത്യമായ വരുമാനം ലഭ്യമാക്കണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലിൽ മായം ചേർക്കുന്നത് കണ്ടുപിടിക്കാൻ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്ഷീരവകുപ്പ് ഏറ്റെടുക്കാൻ തനിക്ക് താല്പര്യമുണ്ടായിരുന്നുവെന്നും എന്നാൽ മന്ത്രി ബിന്ദു കൃഷ്ണ അത് ഭംഗിയായി കൈകാര്യം ചെയ്യുമെന്നതിനാലാണ് ആ വകുപ്പ് അവർക്ക് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
കാലിത്തീറ്റ വിലയിൽ സർക്കാർ നിയന്ത്രണം വരുന്നു
വിപണിയിൽ കാലിത്തീറ്റയ്ക്ക് വിലനിർണ്ണയം നടത്തുന്നതിൽ സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ പാൽവില വർദ്ധിപ്പിക്കുന്നതിന് സമാന്തരമായി കാലിത്തീറ്റയുടെ വിലയും വർദ്ധിക്കുന്ന സാഹചര്യമാണുള്ളത്. ഇതോടെ വില വർദ്ധനവിന്റെ യഥാർത്ഥ ഗുണം കർഷകർക്ക് ലഭിക്കാതാകുന്നു. ഈ ചൂഷണം തടയാൻ സർക്കാർ ഇടപെടും.
ചടങ്ങിൽ ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. മിൽമ ചെയർമാന്മാരായ കെ.എസ്.മണി, മണി വിശ്വനാഥ്, സി.എൻ.വൽസലൻപിള്ള, അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.










